നമുക്ക്‌ സ്‌നേഹമായ്‌ മാറാം...

നമുക്ക്‌ ഒരുപാട്‌ നേട്ടങ്ങളും നഷ്‌ടങ്ങളും സമ്മാനിച്ചുകൊണ്ട്‌ ഒരു വര്‍ഷം കൂടി കടന്നുപോകുകയാണ്‌. വ്യക്തിപരമായി അഭിമാനിക്കാവുന്ന ഒരുപാട്‌ നേട്ടങ്ങള്‍ക്കിടയിലും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരുടെ വേര്‍പാടുകളടക്കം മറക്കാനാവാത്ത ദുഃഖങ്ങളും സമ്മാനിച്ച വര്‍ഷമായിരുന്നു 2009. എല്ലാ നഷ്‌ടങ്ങളും വീഴ്‌ചകളും സങ്കടങ്ങളും മാറ്റിവച്ച്‌ ലോകം പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്‌. നാടെങ്ങും ആഘോഷങ്ങള്‍. പക്ഷേ, അസ്വസ്ഥതകള്‍ നിറഞ്ഞ സമകാലിക സംഭവങ്ങള്‍ക്കിടയില്‍ പ്രകടനങ്ങളല്ലാതെ നമുക്കെങ്ങനെ പുതുവത്സരം ആഘോഷിക്കാന്‍ കഴിയും? സ്ഥിരമായി പത്രമാദ്ധ്യമങ്ങള്‍ വായിക്കുന്നവര്‍ക്കെങ്കിലും കഴിയില്ല. തീവ്രവാദം, കൊലപാതകങ്ങള്‍, പിടിച്ചുപറി, മോഷണം, സ്‌ഫോടനങ്ങള്‍, അക്രമങ്ങള്‍... തുടങ്ങിയ വാര്‍ത്തകളാണെങ്ങും. നമ്മുടെ യുവത്വം കൂടുതല്‍ ആഘോഷിക്കുന്നത്‌ ഇത്തരം സംഭവങ്ങളും വാര്‍ത്തകളുമാണെന്ന്‌ തോന്നുന്നു. ഒരു റോഡപകടം നടന്ന സ്ഥലത്ത്‌ കൂട്ടം കൂടി നിന്ന്‌ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നവരെ എപ്പോഴോ ടിവിയില്‍ കണ്ടതോര്‍ക്കുന്നു. കുറച്ച്‌ ദിവസം കഴിഞ്ഞപ്പോള്‍ ക്രൂരതയും നമ്മുടെ മൊബൈലുകളിലെത്തി. ഇത്ര ദാരുണമായ ചോരച്ചുവപ്പ്‌ നിറഞ്ഞ കാഴ്‌ചകള്‍ നോക്കിനിന്ന്‌ സ്വന്തം മൊബൈലുകളില്‍ പകര്‍ത്തിയെടുക്കാനും മറ്റുള്ളവര്‍ക്ക്‌ കൈമാറാനും ഇവര്‍ക്കെങ്ങനെ കഴിയുന്നു? ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയും അയച്ചും ശീലിക്കുന്ന ഇവരുടെ നാളത്തെ മാനസികാവസ്ഥ എന്തായിരിക്കും? നാളത്തെ തലമുറ എങ്ങിനെയായിരിക്കും ഇതിനെയെല്ലാം അതിജീവിക്കുക? ഭയം തോന്നുന്നു, ആലോചിക്കുമ്പോള്‍....

ക്വട്ടേഷന്‍ എന്ന തൊഴില്‍ ചെയ്യുന്നവരാണത്രേ നമ്മുടെ യുവാക്കളില്‍ പലരും. നല്ല ആരോഗ്യവും ബുദ്ധിയുമുള്ള ചെറുപ്പക്കാര്‍ താല്‍ക്കാലികമായ ചില ലാഭങ്ങള്‍ക്ക്‌ വേണ്ടി ഇന്നുവരെ കണ്ടിട്ടില്ലാത്ത, തങ്ങള്‍ക്ക്‌ യാതൊരു തരത്തിലുള്ള ദ്രോഹവും ചെയ്‌തിട്ടില്ലാത്ത ആളുകളെ ആക്രമിക്കുന്നു, മാരകമായി മുറിവേല്‍പിക്കുന്നു, കൊല്ലുന്നു. ഏത്‌ നീതിബോധമാണ്‌ ഇവരെ നയിക്കുന്നത്‌? ഇതും ഒരു ഭീകരതയാണ്‌. നമ്മുടെ താല്‍പര്യങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിക്കാത്തതിലുള്ള അസഹിഷ്‌ണുതയുണ്ടതില്‍. അന്യന്റെ മുതല്‍ കൈവശപ്പെടുത്താനുള്ള വ്യഗ്രതയുണ്ടതില്‍. ``അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ്‌ വരേണം'' എന്നാണ്‌ ശ്രീനാരായണഗുരുദേവന്‍ നമ്മളോട്‌ പറഞ്ഞത്‌. അപരന്റെ ദുഃഖം തന്നെയാണ്‌ ആത്മസുഖമെന്ന്‌ വന്നാലോ...?!

തീവ്രവാദം, ഭീകരവാദം, ഫാസിസം, അക്രമം, പിടിച്ചുപറി എന്നിവയുടെ ഭീകരതയെ കുറിച്ച് എല്ലാവരും ഒരേ സ്വരത്തില്‍ ഉരുവിടുന്നുണ്ടെങ്കിലും അതിന്‌ പ്രതിവിധി തേടാനുള്ള ശ്രമങ്ങള്‍ വിരളമാണെന്നു തോന്നുന്നു. പ്രാവിനെ പറത്തിയതുകൊണ്ടോ ശാന്തിമന്ത്രം ഉരുവിട്ടതുകൊണ്ടോ നഷ്‌ടപ്പെട്ട നമ്മുടെ സമാധാനം തിരികെ കിട്ടുമെന്ന്‌ തോന്നുന്നില്ല. ജനങ്ങളെ, പ്രത്യേകിച്ച്‌ യുവജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ്‌ ശരിയായ മാര്‍ഗ്ഗം. എന്തിനേയും ഏതിനേയും സംശയത്തോടെ മാത്രം വീക്ഷിക്കുന്ന, അരക്ഷിതമായ നമ്മുടെ സമൂഹത്തില്‍ ഇത്‌ ഒരു ഭഗീരഥപ്രയത്‌നം തന്നെയായേക്കാം. അതെത്ര തന്നെ കഠിനപ്രയത്‌നമായാലും മൂല്യബോധമുള്ള, ശരിയായ മതേതരബോധമുള്ള, ഒരു ശിഥിലചിന്തകള്‍ക്കും ഇടം കൊടുക്കാത്ത സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പരിശ്രമങ്ങള്‍ നാം തുടങ്ങേണ്ടതുണ്ട്‌. മതവും ജാതിയും നോക്കാതെ ഓരോ മനുഷ്യരും അവരവരാല്‍ കഴിയുന്ന രീതിയില്‍ കൈകള്‍ കോര്‍ത്തുപിടിച്ച്‌ ഒന്നായി നിന്ന്‌ ഇതിനായി പരിശ്രമിച്ചു തുടങ്ങണം. അതിനിയും വൈകിക്കൂടാ. സാധാരണക്കാരേക്കാള്‍ കൂടുതല്‍ നമ്മുടെ സാമൂഹിക സാംസ്‌കാരിക നായകന്മാര്‍ക്കാണ്‌ ഇതില്‍ വലിയ പങ്ക്‌ വഹിക്കാനാവുക. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിരത്തി ആര്‍ക്കും വഴിപിഴപ്പിക്കാന്‍ കഴിയരുത്‌ ഇനിയുള്ള തലമുറയിലെ ഒരു അംഗത്തെയും. അതിനായി നമ്മുടെയെല്ലാം മനസ്സുകളും തയ്യാറാവേണ്ടതുണ്ട്‌.

യുവത്വം ഒരു ജന്മത്തിലെ നല്ല നാളുകളാണ്‌. അതുകൊണ്ടാണ്‌ എല്ലാവരും മനസ്സിലെങ്കിലും യുവത്വം കാത്തുസൂക്ഷിക്കുന്നത്‌. പക്ഷേ, അക്ഷമരായ യുവജനതയെയാണ്‌ നാമിന്ന്‌ ചുറ്റും കാണുന്നത്‌. പലപ്പോഴും വളരെ നിസ്സാരമായ കാരണങ്ങള്‍ക്കു പോലും തമ്മിലടിക്കുന്ന, എന്തും ചെയ്യാന്‍ മടിക്കാത്ത, അസഹിഷ്‌ണുത നിറഞ്ഞ യുവത്വം. ഏതൊരു തീവ്രവാദത്തെയും നേരിടുന്ന അതേ മുന്‍കരുതലുകളോടെ തന്നെ വേണം ആപത്തുകളെയും നേരിടാന്‍. ആഘോഷങ്ങളുടെയെല്ലാം ആലസ്യത്തില്‍ നിന്നുണര്‍ന്ന്‌ നമ്മുടെ യുവജനതയ്‌ക്കു വേണ്ടി നാം പ്രവര്‍ത്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.

ശത്രുവിനേക്കൂടി സ്‌നേഹിക്കുവാനാണ്‌ യേശുദേവന്‍ പറഞ്ഞത്‌. സ്‌നേഹത്തിന്റെ മഹത്വത്തെക്കുറിച്ച്‌ ലോകത്തിനു മുന്‍പില്‍ അടിവരയിട്ട്‌ പറഞ്ഞ മഹാത്മാവിന്റെ ഓര്‍മ്മകളില്‍ ഒരു ക്രിസ്‌മസ്‌ ദിനം കൂടി കടന്നുപോയി. സ്‌മരണയില്‍, ഇനിയങ്ങോട്ട്‌ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും വാശി പിടിക്കാതെ, നമുക്ക്‌ സ്‌നേഹമായി മാറാം... എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍...





പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നവര്‍ മേല്‍വിലാസവും ബന്ധപ്പെടാവുന്ന നമ്പറുകളും പ്രതികരണത്തോടൊപ്പം ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ.വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്താന്‍ താല്പ്പര്യമില്ലാത്തവര്‍, അവ mail@mohanlal.co.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മെയില്‍ ചെയ്യുക.

Designed By: Mullookkaaran